സ്റ്റാന്‍ഡ് വിത്ത് കേരള; പിന്തുണയുമായി സിഡ്‌നിയിലെ മലയാളി സമൂഹവും

സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സിഡ്നിയിലെ മലയാളി സമൂഹം പ്രളയദുരന്തത്തിന്റെ കെടുതികളിലൂടെ കടന്നുപോകുന്ന കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ സിഡ്നി നഗര ഹൃദയത്തിലെ ചരിത്ര പ്രസിദ്ധമായ മാര്‍ട്ടിന്‍ പ്ലേസില്‍ ഒരുമിച്ചു കൂടിയപ്പോള്‍ അത് സിഡ്നിയിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ വേറിട്ട അനുഭവമായി.

മഴ തോരാതെ നിന്ന തണുത്ത കാലാവസ്ഥയിലും സിഡ്നിയിലെ പലസ്ഥലങ്ങളില്‍ നിന്നായി എഴുന്നൂറോളം മലയാളികള്‍, ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ജാതി മത രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ ഒരേ മനസോടെ പ്ലക്കാര്‍ഡുകളുമായി അണിനിരന്ന് ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടി ഒരു മിനിറ്റു മൗനം ആചരിക്കുകയും തുടര്‍ന്ന് കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തത് വികാര നിര്‍ഭരങ്ങളായ നിമിഷങ്ങളായി.

ജനപ്രതിനിധികളായ ജെഫ്ലി, ജൂലിയഫിന്‍, ജോഡി മക്കായ്, ന്യൂ സൗത്ത് വേര്‍സ് മള്‍ട്ടി കള്‍ച്ചറല്‍ ചെയര്‍മാന്‍ ഡോ ജികെ ഹരിനാഥ്, യുണൈറ്റഡ് ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ശ്രീനി പിള്ളമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസ് സ്വാഗതവും സെക്രട്ടറി ജോണ്‍ ജേക്കബ് കൃതജ്ഞതയും അറിയിച്ചു. ശ്രീ കെപി ജോസ് പുനരധിവാസ പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു. കൗണ്‍സിലര്‍മാരായ സൂസൈ ബെഞ്ചമിന്‍, ചരിഷ്മ കല്യാണ്‍ഡ, ലേബര്‍ പാര്‍ട്ടി നേതാവ് ദുര്‍ഗ ഓവന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എമി റോയ് പരിപാടിയുടെ അവതാരകയായിരുന്നു.

സിഡ്നിയിലെ പ്രശസ്ത വാദ്യമേള ബാന്‍ഡായ ഇന്‍ഡോസ് റിഥം ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി ശേഖരിച്ച മൂവായിരം ഡോളറിന്റെ ചെക്ക് സഖറിയാ പുളിമൂട്ടില്‍ സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റിന് കൈമാറി. പ്രമുഖ ജീവകാരുണ്യ സംഘടനയായ ഓസ്റ്റിന്റ കെയര്‍, യുണൈറ്റഡ് ഇന്ത്യ അസോസിയേഷന്‍ എന്നിവരുടെയും വിവിധ മലയാളി കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഓസ്ട്രേലിയിലെ പ്രധാന മാധ്യമങ്ങള്‍ക്കൊപ്പം മെട്രോ മലയാളവും പ്രത്യേക ലൈവ് കവറേജ് വഴി ലോകമെമ്ബാടും എത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *