സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, എന്റെ കുട്ടികള്‍ നിങ്ങളെ വേട്ടയാടും: രാധിക വെമുല


‘സ്മൃതി ഇറാനി… ഞാന്‍ നിങ്ങള്‍ക്ക് മാപ്പുനല്‍കില്ല, നിങ്ങള്‍ മന്ത്രാലയം മാറിയിട്ടുണ്ടാകാം, പക്ഷേ നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ എന്റെ കുട്ടികളെ പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കും. അവര്‍ നിങ്ങളെ ചോദ്യം ചെയ്യും, വേട്ടയാകും’. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ പിഎച്ച്‌ഡി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയുടെ വാക്കുകളാണ് ഇത്. മകന്‍ മരിച്ച്‌ രണ്ട് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും തന്റെ ദളിത് വ്യക്തിത്വം തെറ്റാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.


തന്റെ സ്വത്വത്തെ അപമാനിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെയും
ഹൈദരാബാദ് സര്‍വകലാശാലയിലെ സാവിത്രി ഫൂലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അവര്‍ ആഞ്ഞടിച്ചു. ബിജെപിയ്ക്ക് ദ്വന്ദ വ്യക്തിത്വമാണുള്ളതെന്നും നരേന്ദ്ര മോദി അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഒരു പിന്നോക്കക്കാരല്ലെന്നും അവര്‍ ആരോപിച്ചു. നരേന്ദ്രമോഡി ഒരു ബനിയയാണ്. ഈ സത്യം ഉടന്‍ പുറത്തുവരും. ഈ സാഹര്യത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ ഇവര്‍ ആരാണെന്നും രാധിക ചോദിച്ചു.


ഭരണകൂട ഗൂഢാലോചനയാണ് ഇവിടെ അരങ്ങേറുന്നതെന്നും യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കാതിരുന്ന സര്‍വകലാശാല അധികൃതരുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രാധിക വെമുല പറഞ്ഞു. എന്താണ് തങ്ങള്‍ സംസാരിക്കുന്നതെന്നും സര്‍വകലാശാലയില്‍ എന്താണ് സംഭവിക്കുന്നതെന്നും മാധ്യമങ്ങളും സാധാരണ ജനങ്ങളും അറിയുന്നതിനെ അധികാരികള്‍ ഭയപ്പെടുകയാണെന്നും രാധിക കുറ്റപ്പെടുത്തി.

സര്‍വകലാശാലയില്‍ പോലീസിനെ പ്രവേശിപ്പിക്കാമെങ്കില്‍ മാധ്യമങ്ങളെ എന്തുകൊണ്ട് പ്രവേശിപ്പിച്ചു കൂടായെന്നും സ്വന്തം സര്‍ക്കാരാണെന്നു കരുതി എന്തും ചെയ്യാമെന്ന് ബി.ജെ.പിക്കാര്‍ കരുതരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ സര്‍ക്കാര്‍ വീഴുമ്ബോള്‍ ദളിദ് സര്‍ക്കാരാകും അധികാരത്തി വരികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാമ്ബസിലുള്ള രോഹിത് വെമുലയുടെ പ്രതിമയില്‍ രാധിക മാല ചാര്‍ത്തി. അവര്‍ക്ക് അനുകൂലമായി വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.



Sharing is Caring