കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് പുതിയ കുരുക്ക്. തുടക്കം മുതല്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും അകപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോള്‍ഡിങ് കമ്പനി പദ്ധതിയില്‍നിന്ന് പിന്മാറാനൊരുങ്ങുന്നെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാറിന് 16 ശതമാനവും ദുബൈ ആസ്ഥാനമായ ദുബൈ ഹോള്‍ഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടീകോം ഇന്‍വെസ്റ്റ്മന്റെ്‌സിന് 84 ശതമാനവും ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. ദുബൈ ഹോള്‍ഡിങ്ങില്‍ അടുത്തിടെ ഉണ്ടായ അഴിച്ചുപണിയാണ് സ്മാര്‍ട്ട് സിറ്റിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. ഇതോടെ ആദ്യം ടീകോം ഇല്ലാതായി.

തുടര്‍ന്ന്, കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ദുബൈ ഹോള്‍ഡിങ്ങിന്റെതന്നെ അനുബന്ധ കമ്പനിയായ ദുബൈ സ്മാര്‍ട്ട് സിറ്റിക്ക് കീഴിലാക്കി. അടുത്തിടെ നടത്തിയ പുനഃസംഘടനയിലൂടെ ഈ കമ്പനി ഇല്ലാതാവുകയും കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ കമ്പനിയുടെ ഓഹരികള്‍ ദുബൈ ഹോള്‍ഡിങ്ങിലേക്ക് മാറ്റുകയും ചെയ്തു. ഇതാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരിച്ചടിയായത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ ദുബൈയില്‍നിന്നുള്ള സംഘവും കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രതിനിധികളും സെപ്റ്റംബര്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നാണ് സൂചന. പദ്ധതിയില്‍നിന്ന് പിന്മാറാനുള്ള താല്‍പര്യം ദുബൈ ഹോള്‍ഡിങ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും അറിയുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ദുബൈ ഹോള്‍ഡിങ് ഇതുവരെ 120 കോടിയിലധികം രൂപ മുടക്കിയിട്ടുണ്ട്.













