ലോക്സഭ സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്.ബജറ്റ് ചർച്ച ആരംഭിക്കുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അവിശ്വാസ പ്രമേയത്തില്‍ തീരുമാനം. എന്നാല്‍ സ്പീക്കർക്കെതിരായ നോട്ടീസില്‍ ഒപ്പുവയ്ക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.
അവിശ്വാസ നോട്ടീസ് നല്‍കണോ എന്ന കാര്യത്തിലാണ് പ്രതിപക്ഷ പാർട്ടികള്‍ ഇന്ന് തീരുമാനം എടുക്കുക.ബജറ്റ് ചർച്ചയ്ക്ക് മുൻപ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍. അംഗങ്ങളെ സസ്പെൻഡ് ചെയ്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.സർക്കാരുമായി ചർച്ച ചെയ്ത ശേഷം എന്തു വേണമെന്ന് അറിയിക്കാം എന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സ്പീക്കറുടെ നിലപാട് വ്യക്തമായ ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും യോഗം ചേരും.














