ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയ ഗായകന് യേശുദാസ് സെല്‍ഫി എടുത്തയാളോട് ക്ഷുഭിതനായി. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈ തട്ടിമാറ്റിയ യേശുദാസ് സെല്‍ഫി അല്പത്വമാണ് (സെല്‍ഫി ഈസ് സെല്‍ഫിഷ്) എന്ന് പറഞ്ഞ് ചെറുപ്പക്കാരന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി അയാളെടുത്ത ചിത്രങ്ങളും നശിപ്പിക്കുകയും ചെയ്തു,
ഇന്നലെ പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനായി ഉച്ചയ്ക്ക് ശോകാ ഹോട്ടലില്‍ നിന്ന് പുറപ്പെടുന്പോഴായിരുന്നു സംഭവം. അപ്പോഴാണ് ഒരു ചെറുപ്പക്കാരന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നടന്നു നീങ്ങാന്‍ ശ്രമിച്ച യേശുദാസിനെ വളരെ കഷ്ടപ്പെട്ട് കാമറാ ഫ്രെയിമിലാക്കി ചെറുപ്പക്കാരന് സെല്‍ഫി പകര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ യേശുദാസ് ഫോണ്‍ തട്ടിമാറ്റുകയും എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യേശുദാസ് തന്നെ ഫോണ്‍ വാങ്ങി ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു. ഇതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകനോട് ചുണ്ടത്ത് വിരല്‍ വച്ച് മിണ്ടരുത് എന്ന ആംഗ്യവും അദ്ദേഹം കാണിച്ചു.














