സെന്‍കുമാര്‍ പറയുന്നതെല്ലാം അബദ്ധം; ആരുടെ ഏജന്‍റെന്ന് അറിയില്ല: നമ്ബി നാരായണന്‍


തിരുവനന്തപുരം: ടി.പി.സെന്‍കുമാറിന്‍റെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നന്പി നാരായണന്‍ രംഗത്ത്. സെന്‍കുമാര്‍ തനിക്കെതിരേ പറഞ്ഞതെല്ലാം അബദ്ധമാണ്. അയാള്‍ ആരുടെ ഏജന്‍റായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സെന്‍കുമാറിന്‍റെ എല്ലാ പരാമര്‍ശങ്ങള്‍ക്കും മറുപടി പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താന്‍ നല്‍കിയ പരാതിയിലെ എതിര്‍ കക്ഷിയാണ് സെന്‍കുമാര്‍. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ മറ്റ് കാര്യങ്ങള്‍ താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാരക്കേസ് വീണ്ടും അന്വേഷിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടതെന്ന സെന്‍കുമാറിന്‍റെ പരാമര്‍ശം തെറ്റാണ്. സുപ്രീംകോടതി കമ്മിറ്റിയെ നിയോഗിച്ചത് എങ്ങനെ കേസ് കെട്ടിച്ചമച്ചുവെന്നും തെറ്റു കാണിച്ചവരെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. ഇനി കൂടുതല്‍ എന്തെങ്കിലും സെന്‍കുമാറിന് അറിയാമെങ്കില്‍ കോടതിയില്‍ പറയാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.


അദ്ദേഹത്തിന്‍റെ പ്രതികരണം കണ്ടിട്ട് വലിയ വെപ്രാളമുണ്ടെന്ന് തോന്നുന്നു. എല്ലാത്തിനും മറുപടി അര്‍ഹിക്കുന്നില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സെന്‍കുമാര്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടിരുന്നല്ലോ എന്നും നന്പി നാരായണന്‍ പറഞ്ഞു.



Sharing is Caring