ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.
സുരേഷ് അംഗഡിയുടെ മരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിഡ് ട്വീറ്റ് ചെയ്തു. ഒരു നല്ല നേതാവായ അംഗഡി സ്വന്തം മണ്ഡലമായ ബെലഗാവിലെ ജനങ്ങള്‍ക്കായി അശ്രാന്തമായി പ്രവൃത്തിച്ചുവെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനമായി പരിശ്രമിച്ച അസാധാരണമായ ഒരു വ്യക്തിയായിരുന്നു അംഗഡിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അംഗഡി മികച്ച എംപിയും പ്രഭാവമുള്ള മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ചു ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. കര്‍ണാടകയിലെ ബെലഗാവിയില്‍നിന്നുള്ള ലോക്സഭാംഗമാണ് അദ്ദേഹം.
രണ്ടാഴ്ച മുന്‍പായിരുന്നു മന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2004 മുതല്‍ തുടര്‍ച്ചയായി നാലു തെരഞ്ഞെടുപ്പുകളില്‍ സുരേഷ് അംഗഡി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ച ആദ്യ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗഡി. ആറ് എംഎല്‍എമാരും മൂന്നു എംപിമാരും കോവിഡ് ബാധിച്ചു മരിച്ചു.