സുഹൃത്തിനെ ചായ സല്‍ക്കാരത്തിനു ക്ഷണിച്ചു കൊണ്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത് ലേലത്തിന്

വിഖ്യാത ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ സുഹൃത്തിനെഴുതിയ കത്ത് ലേലത്തില്‍ വില്‍ക്കുന്നു. 18,000 ഡോളറാണ് ലേലത്തുക (12.7 ലക്ഷം). അടിസ്ഥാന ലേലത്തുകയേക്കാള്‍ എത്ര കൂടുതല്‍ തുകയ്ക്കാണ് കത്ത് ലേലത്തിന് പോകുന്നതെന്നറിയാന്‍ സപ്തംബര്‍ 12 വരെ കാത്തിരിക്കണം.

സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഡോ. ഹാന്‍സ് റീഷന്‍ബച്ചിനെയും ഭാര്യയെയും ചായ സല്‍ക്കാരത്തിനു ക്ഷണിച്ചു കൊണ്ടുള്ളതാണ് ജര്‍മന്‍ ഭാഷയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത്. 1928 ഒക്ടോബര്‍ 19നാണ് കത്ത് എഴുതിയിരിക്കുന്നത്. ഐന്‍സ്റ്റീനും റെയ്ഷന്‍ബച്ചും ഓസ്ട്രിയന്‍ ശാസ്ത്രജ്ഞനായ എര്‍വിന്‍ ഷ്രോഡിംഗറും ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഷ്രോഡിംഗറും ചായസല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി ഐന്‍സ്റ്റീന്‍ കത്തില്‍ പറയുന്നുണ്ടെന്ന് കത്ത് ലേലത്തിനു വച്ച അമേരിക്കയിലെ ആര്‍ ആര്‍ ഓക്ഷന്‍ കമ്പനി അറിയിച്ചു.

ആധുനിക ഭൗതിക ശാസ്ത്ര രംഗത്തെ ഈ മൂന്ന് അതുല്യ പ്രതിഭകള്‍ തമ്മിലെ ബന്ധത്തിലെ ഊഷ്മളതയാണ് കത്തിലൂടെ വ്യക്തമാകുന്നതെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. ആപേക്ഷികതാ സിദ്ധാന്തവുമായി ബന്ധപ്പെട്ട് താന്‍ കണ്ടെത്തിയ ശാസ്ത്ര സത്യത്തെക്കുറിച്ചു വിശദമായി സംസാരിക്കാന്‍ വേണ്ടിയാണു ക്ഷണമെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് ശാസ്ത്ര രംഗത്ത് ഈ കത്തിനെ പ്രാധാന്യമുള്ളതക്കുന്നത്. ഐന്‍സ്റ്റീന്‍ പേരെഴുതി ഒപ്പുവച്ചിരിക്കുന്ന കത്ത് സപ്തംബര്‍ 12ന് ലേലം ചെയ്യാനാണ് തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *