സുഹൃത്തിനെ കൊലപ്പെടുത്തി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമം;മലയാളിയടക്കം 3 പേര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച്‌ യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍. മലയാളിയടക്കം മൂന്നുപേരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളിയായ മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടെപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തിയത്.


ഇരുപതുകാരനായ വിശാല്‍ ത്യാഗി ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയില്‍ വിജയിയാണ്. ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനുമാണ്. ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടു തുടങ്ങിയ വാക്കു തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും കലാശിക്കുകയുമായിരുന്നു.


വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട 23 കാരനായ ദീപാംശു. മനോജ് പിള്ള നേരത്തേ ഉത്തരാഖണ്ഡിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത് അടുത്ത കാലത്താണ്. അഞ്ചു മാസമായി ഇവര്‍ നാലുപേരും ഒരുമിച്ച്‌ ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു.

ഞായറാഴ്ച വഴക്കിനെത്തുടര്‍ന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് ദീപാംശുവിന്റെ ശരീരം വെട്ടിനുറുക്കി കഷണമാക്കി സ്യൂട്ട്കേസില്‍ നിറച്ച്‌ യമുനാ നദിയില്‍ ഒഴുക്കാനായി കൊണ്ടു പോവുകയായിരുന്നു.ഇവരുെട മറ്റൊരു സുഹൃത്ത് ലാഖോയുടെ കാര്‍ ഇതിനുവേണ്ടി ചോദിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീട് ഒരു ഇ-റിക്ഷയില്‍ സ്യൂട്ട് കേസുമായി പോകവേ രക്തത്തുള്ളികള്‍ ഇറ്റു വീഴുന്നതു കണ്ടാണു പോലീസ് ഇവരെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.



Sharing is Caring