സുഡാനില്‍ പട്ടാള അട്ടിമറി; പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഖാര്‍ത്തൂം: സുഡാനില്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ നിരവധി പേര്‍ കൊല്ലപ്പെട്ടു. സുഡാനില്‍ പ്രധാനമന്ത്രി അംബ്ദുല്ല ഹംദൂക്ക് അടക്കം ഭരണതലപ്പത്തുള്ള നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു. അതിനു ശേഷമാണ് സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചു. ഖാര്‍ത്തൂമിലെ വിമാനത്താവളം അടച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. പട്ടാള അട്ടിമറിക്കെതിരെ രാജ്യത്താകെ ജനം തെരുവിലിറങ്ങിയിട്ടുണ്ട്. അവരെ ക്രൂരമായാണ് സൈന്യം നേരിടുന്നത്. സൈനിക നടപടിയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ടു വര്‍ഷം മുമ്ബാണ് ജനകീയ പ്രക്ഷോഭം സുഡാനില്‍ പ്രസിഡന്റായിരുന്ന ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയത്. അതിനു ശേഷം പട്ടാളം അധികാരത്തിലേറി. സൈനിക ഭരണത്തിനെതിരെയും ജനകീയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് വിദേശരാജ്യങ്ങളുടെ മധ്യസ്ഥതയോടെ സൈന്യവും സമരസംഘടനകളും ഒത്തുതീര്‍പ്പിലെത്തിയത്.

മൂന്നുവര്‍ഷം സൈന്യത്തിന്റേയും സമരസംഘടനകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് ഭരണം നടത്താമെന്നായിരുന്നു കാരാര്‍. അതിനു ശേഷം പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നുമായിരുന്നു ധാരണ. ഈ കരാറിനെയെല്ലാം കാറ്റില്‍ പറത്തിയാണ് സൈന്യം ജനകീയ നേതാക്കളെ അറസ്റ്റുചെയ്ത് ഭരണം സ്വന്തം കൈപിടിയിലൊതുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *