സി.പി.ഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഢി തുടരും


കൊല്ലം: സി.പി.ഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. കൊല്ലത്ത് നടന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി.പി.ഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മയില്‍, ബിനോയ് വിശ്വം എന്നിവരാണ് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.


യുവ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബീഹാര്‍ സ്വദേശിയായ കനയ്യ ജെ.എന്‍.യുവില്‍ അവസാന വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. നിലവില്‍ എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. 125 അംഗ ദേശീയ കൗണ്‍സിലിനാണ് സി.പി.ഐ അംഗീകാരം നല്‍കിയത്. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 15 പേര്‍ കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലില്‍ എത്തി. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു.


എന്‍. രാജന്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍, മഹേഷ് കക്കത്ത്, കെ.പി രാജേന്ദ്രന്‍, എന്‍ അനിരുദ്ധന്‍, പി. വസന്തം എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തിയ പുതുമുഖങ്ങള്‍. സി. ദിവാകരന്‍, സി.എന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെ ഒഴിവാക്കി. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കേരള പ്രതിനിധികളുടെ യോഗത്തില്‍ നിന്ന് ദിവാകരന്‍ വിട്ടുനിന്നു. സി.എന്‍ ചന്ദ്രനും പരസ്യമായി പ്രതിഷേധിച്ചു.



Sharing is Caring