ന്യൂഡല്‍ഹി: സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
ഡല്‍ഹിയില്‍ സിജിഒ കോംപ്ലക്സിലുള്ള സിബിഐ ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം വഹിക്കും. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിബിഐ മേധാവിയെ സ്ഥാനത്തുനിന്നു നീക്കിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെയായിരിക്കും പ്രതിഷേധമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

എല്ലാ സിബിഐ ഓഫീസുകളുടെയും മുന്പില് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗലോട്ട് നിര്‍ദേശം നല്കി. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ദേശീയ നേതാക്കളും സംസ്ഥാനങ്ങളില്‍ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നുംകോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. മോദിയും അമിത് ഷായും ചേര്‍ന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് സിബിഐ ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇന്ത്യയുടെ അഭിമാനമായ അന്വേഷണ ഏജന്‍സിയെ അപമാനിക്കുകയാണ് അവര്‍. പ്രധാനമന്ത്രിയുടെ റഫാല്‍ ഭീതിയാണ് സിബിഐയെ നശിപ്പിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും അശോക ഗലോട്ട് ആരോപിക്കുന്നു.













