മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.
1942-ൽ മഹബൂബ്നഗർ ജില്ലയിലായിരുന്നു സുധാകർ റെഡ്ഡിയുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും തെലങ്കാനയിലെ കർഷക കലാപത്തിലും പങ്കെടുത്ത എസ് വെങ്കട്രാമി റെഡ്ഡിയുടെ മകനാണ്. കർണൂലിലെ മുനിസിപ്പൽ ഹൈസ്കൂളിലും കോൾസ് മെമ്മോറിയൽ ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1964-ൽ കർണൂലിലെ ഉസ്മാനിയ കോളേജിൽ നിന്ന് ബിഎ ഹിസ്റ്ററിയിൽ ബിരുദവും 1967-ൽ ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും നേടി.

15-ാം വയസ്സിൽ, കർണൂലിലെ സ്കൂളുകളിൽ ബ്ലാക്ക്ബോർഡ്, ചോക്ക്, പുസ്തകങ്ങൾ എന്നിവ ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിൽ സുധാകർ റെഡ്ഡി നേതൃപരമായ പങ്കുവഹിച്ചു. ഈ പ്രക്ഷോഭം വിജയകരമാവുകയും കർണൂലിലെ മറ്റ് സ്കൂളുകളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തിരുന്നു.
1960-ൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എഐവൈഎസ്എഫ്) കർണൂൽ ഘടകത്തിൽ ചേർന്നു. 1966-ൽ എഐവൈഎസ്എഫിന്റെ ജനറൽ സെക്രട്ടറിയായും 1970-ൽ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1971-ൽ സിപിഐയുടെ ദേശീയ കൗൺസിലിൽ അംഗമായി. 1974-ൽ ആന്ധ്രാപ്രദേശ് സംസ്ഥാന ഘടകത്തിൽ വിവിധ പദവികൾ വഹിച്ചു. 1998-ൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് കൗൺസിലിന്റെ സെക്രട്ടറിയായി. 2007-ൽ സിപിഐയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി. 2012 മുതൽ 2019 വരെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.













