സിപിഐഎമ്മിന്റെയും പൊലീസിന്റെയും വാദങ്ങള്‍ പൊളിയുന്നു; കൊലപാതക സംഘത്തില്‍ ആകാശില്ലെന്ന് നൗഷാദ്

കണ്ണൂര്‍:മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ പൊലീസിന്റെയും സിപിഐഎമ്മിന്റെയും വാദങ്ങളെ പൊളിച്ച്് വെട്ടേറ്റ നൗഷാദിന്റെ വെളിപ്പെടുത്തല്‍. പൊലീസ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി തങ്ങളെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നില്ല. ശുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖം മറച്ച നിലയിലായിരുന്നു കൊലയാളികള്‍. ശരീര പ്രകൃതി അനുസരിച്ച് മെലിഞ്ഞ 26-27 വയസ്സുള്ള മൂന്നംഗ സംഘമാണ് തങ്ങളെ വെട്ടിയതെന്നും നൗഷാദ് വ്യക്തമാക്കി.

ബോംബെറിഞ്ഞ് ഭീതി പടര്‍ത്തിയായിരുന്നു തങ്ങളെ വെട്ടിയത്. എന്നാല്‍ ഇതിനിടെ കടയിലെ ബെഞ്ച് വെച്ച് തടഞ്ഞതിനാലാണ് അധികം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും നൈഷാദ് പറഞ്ഞു. കൊലയാളി സംഘം എത്തിയ വാഹനത്തില്‍ ആകാശ് ഉണ്ടായിരുന്നോ എന്നറിയില്ല. വെട്ടിയ മൂന്നംഗ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഉണ്ടായിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു. പല കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിയെ തനിക്ക് നന്നായി അറിയാം ബോംബെറിഞ്ഞതോ, ഡ്രൈവര്‍ ആയോ അയാള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല എന്നും നൗഷാദ് പ്രതികരിച്ചു.

ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് നൗഷാദ് ആരോപിക്കുന്നത്. ശുഹൈബിനെ വെട്ടിയ മൂന്നംഗ സംഘത്തില്‍ ഒരാളാണ് ആകാശ് എന്നായിരുന്നു പൊലീസ് ഭാഷ്യം. അതേസമയം കെ സുധാകരന്‍ നടത്തി വരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം വ്യാഴാഴ്ച വരെ നീട്ടി. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ മേല്‍ കൊലപാതകം കെട്ടിവെച്ച് ജില്ലാ നേതൃത്വം പ്രൊഫഷണല്‍ കൊലയാളികളെ രക്ഷിക്കാന്‍ നടത്തുന്ന നീക്കമെന്നാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. നേരത്തെ ഷുഹൈബിന്റെ കൊലയാളികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞിരുന്നു. കൊലയ്ക്ക് ഉപയോഗിച്ചത് വാളുകള്‍. പ്രതികളില്‍ ചിലര്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുവെന്ന് സംശയമുണ്ട്.പുറം ജില്ലകളിലും സംസ്ഥാനങ്ങളിലും പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കൊലയാളികളെത്തിയത് വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണെന്നും പൊലീസ് വിശദമാക്കി.

നേരത്ത ഷുഹൈബിനെ കൊന്നത് ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന് ആരോപിച്ചിരുന്നു. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോള്‍ നല്‍കിയതെന്ന് സുധാകരന്‍ ആരോപിച്ചു. ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍ അത് ജയരാജന്‍ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ ആരോപിച്ചു. കിര്‍മാണി മനോജിന്റെ പങ്ക് പുറത്തു വന്നാല്‍ ഗൗരവം വര്‍ധിക്കും എന്നത് കൊണ്ട് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *