ഹൈകോടതി വിമർശനത്തിന് പിന്നാലെ സിപിഎം ഏരിയാ സമ്മേളനത്തിനായി തിരുവനന്തപുരത്ത് റോഡടച്ച സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുമുണ്ട്.
ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ആണ് കേസിലെ ഒന്നാം പ്രതി. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും വഞ്ചിയൂർ പൊലീസ് അവരെ പ്രതി ചേർത്തിട്ടില്ല.റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആരോക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം മുൻ ഉത്തരവുകളുടെ ലംഘനമാണ് നടന്നതെന്നും കോടതി പറഞ്ഞിരുന്നു.














