ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങൾക്ക് ഐസിഎംആറിന്റെ നിർദേശം.
സാര്‍സ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി കഴിഞ്ഞയാഴ്ച എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആര്‍ പൈലറ്റ് സര്‍വേ നടത്തിയത്.

രോഗബാധ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര തൊഴിലാളികള്‍, കണ്ടെയ്‌നര്‍ സോണുകളിലെ വ്യക്തികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്.
“ഇത്തരത്തില്‍ സമയബന്ധിതമായ സിറോ സര്‍വ്വേകള്‍ നിലവിലെ കോവിഡ് വ്യാപനത്തിന്റെ ഗതി മനസ്സിലാക്കാന്‍ സഹായകമാവും. മാത്രവുമല്ല സംസ്ഥാനങ്ങളോട് ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ പറയുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോതും മനസ്സിലാക്കാനാവും”, മുതിര്‍ന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.













