സമരം: ബസുടമകള്‍ക്കിടയില്‍ ഭിന്നത; തൊടുപുഴയില്‍ ഒരു സ്വകാര്യ ബസ് ഓടി


തൊ​ടു​പു​ഴ: സ്വകാര്യ ബസമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ബസുടമകള്‍ക്കിടയില്‍ തന്നെ ഭിന്നത ഉടലെടുത്ത് തുടങ്ങി. സമരം തുടരണോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം ബസുടമകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. തൊടുപുഴയില്‍ സമരത്തില്‍ നിന്നും പിന്മാറി ഒരു സ്വകാര്യ ബസ് സര്‍വീസ് നടക്കുക കൂടി ചെയ്തതോടെ ബസുടമകള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തു.


ഒറ്റ ബസുള്ളവര്‍ സമരം ഉപേക്ഷിച്ച്‌ സര്‍വീസ് നടത്താന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. തൊ​ടു​പു​ഴ-അ​ടി​മാ​ലി-രാ​ജ​ക്കാ​ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ച​ന്ദ്ര എന്ന ബസാണ് സമരത്തില്‍ നിന്നും പിന്മാറി ഇന്ന് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ബസ് തൊടുപുഴ സ്റ്റാന്‍ഡില്‍ എത്തിയതിന് പിന്നാലെ ഒരു വിഭാഗം ബസുടമകളും ജീവനക്കാരും ബസ് തടഞ്ഞു. ബ​സു​ട​മ​ക​ളു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ബസ് ഓടുന്നതിനെ അനുകൂലിച്ച്‌ നാട്ടുകാരും യാത്രക്കാരും രംഗത്തെത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ബസ് സര്‍വീസ് തുടരുന്നുണ്ട്.




Sharing is Caring