പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്.
നടതുറന്ന ശേഷം രാവിലെ പതിനൊന്ന് മണി വരെ വടക്കേ നടയില്‍ തിരുമുറ്റത്ത് തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനമെന്ന് ഐ.ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച വൈകിട്ട് 6 വരെയുള്ള (18 മണിക്കൂര്‍) പൊലീസിന്റെ കണക്കനുസരിച്ച് 67,044 പേര്‍ ദര്‍ശനത്തിനായി മലകയറി. മണ്ഡലകാലം തുടങ്ങിയ ശേഷം ഇത്രയും തിരക്ക് അനുഭവപ്പെട്ടത് ഇന്നലെയാണ്.
ദര്‍ശനത്തിനായി സോപാനത്തില്‍ എത്താന്‍ എപ്പോഴും മേല്‍പ്പാലത്തില്‍ തിങ്ങിനിറഞ്ഞ് അയ്യപ്പന്മാര്‍ ഉണ്ടായിരുന്നു. മരക്കൂട്ടത്ത് നിയന്ത്രിച്ചാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്. ഹര്‍ത്താലായിരുന്നിട്ടും നിലംതൊടാന്‍ സമയമില്ലാത്ത ഓട്ടത്തിലായിരുന്നു പമ്പയിലും നിലയ്ക്കലും കെഎസ്ആര്‍ടിസി ബസുകള്‍. വൈകിട്ട് 6 വരെയുള്ള കണക്കനുസരിച്ചു പമ്പനിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി 803 ട്രിപ്പ് ഓടിച്ചു.140 ബസുകളാണ് ചെയിന്‍ സര്‍വീസിന് ഉണ്ടായിരുന്നത്. ബസ് ത്രിവേണിയില്‍ എത്തിയാല്‍ അപ്പോള്‍ തന്നെ അയ്യപ്പന്മാര്‍ ഇടിച്ചു കയറും. അപ്പോള്‍ തന്നെ വിട്ടുപോകുമായിരുന്നു. നിലയ്ക്കലും ഇതേ സ്ഥിതിയായിരുന്നു. ജീവനക്കാര്‍ക്ക് ഭക്ഷണത്തിനുള്ള സമയംപോലും കിട്ടിയില്ല.
കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയില്‍ നിന്ന് 191 ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. ചെങ്ങന്നൂര്‍, എറണാകുളം, എരുമേലി, തിരുവനന്തപുരംഎന്നിവിടങ്ങളിലേക്കായിരുന്നു തിരക്കു കൂടുതല്‍. ചെങ്ങന്നൂര്‍ 73, എറണാകുളം 28, എരുമേലി 26,തിരുവനന്തപുരം 25, കുമളി 19, കോട്ടയം 18, ഗുരുവായൂര്‍ 3, ആറ്റിങ്ങല്‍ 2, തൃശൂര്‍ ഒന്ന് എന്നിങ്ങനെ ബസുകള്‍ അയച്ചു.













