ചിലര്‍ അങ്ങനെയാണ‌്. ഉള്ളതൊന്നും കാണുന്നില്ല. കാണുന്നതൊന്നും ശരിയല്ല. എല്ലാം മായയായി തോന്നും. കേരളത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും കാണാതെ പിച്ചു പേയും പറയുന്ന പ്രതിപക്ഷത്തെ ഇങ്ങനെ വിശേഷിപ്പിച്ചത‌് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാലും ഒട്ടും വിഷമമില്ല. നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട‌്.
അവരാണല്ലോ വിധികര്‍ത്താക്കള്‍. കണ്ണൂര്‍ വിമാനത്താവളം നല്ല നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയതില്‍ യുഡിഎഫിന്റെ കെറുവിന‌് ഒരു കുറവുമില്ല. തങ്ങളുടെ കുട്ടിയെയാണ‌് നിങ്ങള്‍ വളര്‍ത്തുന്നതെന്ന‌് എം കെ മുനീര്‍ പറഞ്ഞപ്പോള്‍ 1996ല്‍ എല്‍ഡിഎഫ‌് സര്‍ക്കാരാണ‌് കണ്ണൂര്‍ വിമാനത്താവളത്തിന‌് തുടക്കമിട്ടതെന്ന‌് മുഖ്യമന്ത്രി തിരിച്ചടിച്ചു. കേരളത്തെക്കുറിച്ച‌് രാഹുല്‍ഗാന്ധി വിവരങ്ങള്‍ വിളിച്ചുപറയുമ്ബോള്‍ അടുത്തുനിന്ന‌് തര്‍ജമ ചെയ്യുകയായിരുന്ന വി ഡി സതീശനെങ്കിലും അബദ്ധം പറയല്ലേയെന്ന‌് ചെവിയില്‍ പറഞ്ഞുകൊടുക്കാമായിരുന്നില്ലേയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയില്‍ ചിരിപടര്‍ത്തി.

ബിരിയാണിയോട‌് എന്നും ലീഗിന‌് പൊരുത്ത‌് ഇഷ്ടമാണ‌്. സഭയിലും ഒരു ബിരിയാണി കാര്യമെത്തി. പറഞ്ഞത‌് ഭരണപക്ഷത്തെ എം സ്വരാജാണ‌്. മുത്തലാഖ‌് ചര്‍ച്ചയില്‍ പങ്കെടുക്കാതെ ലീഗ‌് എംപി ബിരിയാണി ചെമ്ബിന‌് കാവലിരുന്നുവെന്നായിരുന്നു സ്വരാജിന്റെ അമ്ബ‌്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ചയുടെ അവസാന ദിനമായിരുന്നു ബുധനാഴ‌്ച. ആര്‍എസ‌്‌എസ‌് പ്രകടനത്തെ പച്ചക്കൊടി വീശി ലീഗുകാര്‍ വരവേറ്റ സംഭവം കെ വി അബ്ദുള്‍ ഖാദര്‍ എടുത്തിട്ടു. രണ്ട‌് തോണിയിലും കാലുകുത്തി കോണ്‍ഗ്രസ‌് നില്‍ക്കുന്നത‌് ശരിയാണോയെന്ന‌് സി മുഹമ്മദ‌് മുഹസിന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ‌് അടുക്കുമ്ബോള്‍ പള്ളിക്ക‌് കല്ലെറിഞ്ഞു തുടങ്ങിയ കള്ളക്കഥകളുമായി ലീഗ‌് വരുമെന്നും കാരാട്ട‌് റസാഖ‌് പറഞ്ഞു. ഭഗവാന‌് സ‌്ത്രീയെന്നും പുരുഷനെന്നുമില്ലെന്ന‌് അയിഷ പോറ്റി പറഞ്ഞു. യുഡിഎഫ‌് സര്‍ക്കാരിന്റെ കാലത്ത‌് ഒരു അവാര്‍ഡ‌് പോയിട്ട‌് പല്ലിമിഠായിയെങ്കിലും കിട്ടിയോ എന്നായി എ പ്രദീപ‌് കുമാര്‍. റോഡിന‌് ഭരണാനുമതി ലഭിക്കാന്‍ ഉപവാസമിരുന്നെങ്കില്‍ ഇപ്പോള്‍ അതിവേഗമാണ‌് അനുമതിയെന്ന‌് സി കൃഷ‌്ണന്‍ പറഞ്ഞു.
കെ ബി ഗണേശ‌്കുമാര്‍, കെ രാജന്‍, എ പി അനില്‍കുമാര്‍, ഒ രാജഗോപാല്‍, എം ഉമ്മര്‍, അനൂപ‌് ജേക്കബ‌്, എം വിന്‍സന്റ‌്, മോന്‍സ‌് ജോസഫ‌്, പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം നന്ദിപ്രമേയം പാസാക്കി.












