സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ മറ്റു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്.


തിരുവനന്തപുരം നഗരപ്രദേശത്ത് കനത്ത മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയയ മഴ ബുധനാഴ്ച രാവിലെയും തുടരുകയാണ്. എറണാകളും ജില്ലയിൽ കിഴക്കൻ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ഇവിടെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയും ഉണ്ട്.


കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്. ശനിയാഴ്ച വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.



Sharing is Caring