സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗം സ്ഥിരീകരിച്ചു


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ സിഎസ്എഫ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.


താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ ഇളയ സഹോദരനായ എഴു വയസുകാരനടക്കം നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശിയായ മധ്യവയസ്‌കനും കൂടി രോഗം സ്ഥീരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. രോഗബാധിതരില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസ്സുകാരിയും വെന്റിലേറ്ററിലാണുള്ളത്.


അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് നടത്തി വരുന്നത്. ജലാശയങ്ങളില്‍ ഉള്‍പ്പടെ കുളിക്കുന്നതില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.



Sharing is Caring