സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്‌ഇബി


സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡുകള്‍ ഭേദിച്ചു മുന്നേറുന്ന പശ്ചാത്തലത്തില്‍ പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്‌ഇബി തീരുമാനിച്ചു.രാത്രികാലങ്ങളില്‍ 15 മിനിറ്റ് മുതല്‍ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകുമെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്‌ഇബി കോർ കമ്മിറ്റി ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.


വൈദ്യുതി മുടങ്ങുന്ന വിവരം ഉപഭോക്താക്കളെ SMS വഴി മുൻകൂട്ടി അറിയിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പവർ എക്‌സ്‌ചേഞ്ചില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പരമാവധി 10 രൂപ നിരക്കില്‍ ഹ്രസ്വകാല കരാർ വഴി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വൈദ്യുതി എപ്പോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പ് സംഭരണശേഷിയുടെ 30 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ജലനിരപ്പില്‍ വലിയ കുറവാണുള്ളത്. നിലവിലുള്ള വെള്ളം ഉപയോഗിച്ച്‌ ഏകദേശം 51 ദിവസത്തേക്ക് കൂടി മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാൻ കഴിയൂ.കടുത്ത വേനലും മഴയുടെ ലഭ്യതക്കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.


ഉപഭോഗം കുത്തനെ ഉയരുന്നത് തടയാൻ പവർ കട്ട് അല്ലാതെ മറ്റ് വഴികളില്ലെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത വരും മാസങ്ങളില്‍ ഇന്ധന സർചാർജായി ജനങ്ങളിലേക്ക് എത്തിയേക്കാം. പൊതുജനങ്ങള്‍ രാത്രി 7 മുതല്‍ 11 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു.



Sharing is Caring