സംസ്ഥാനത്ത് ജയിലുകളില്‍ 298 പേര്‍ക്ക് ഇന്ന് സാക്ഷരതാപരീക്ഷ


തിരുവനന്തപുരം > നിരക്ഷരരില്ലാത്ത ജയില്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ‘ജയില്‍ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 298 പേര്‍ ശനിയാഴ്ച സാക്ഷരതാ പരീക്ഷ എഴുതും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്-122 പേര്‍. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 60, വനിതാ ജയിലില്‍ 7, സ്പെഷ്യല്‍ ജയിലില്‍ 30, ജില്ലാ ജയിലില്‍ 25 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം. തിരുവനന്തപുരം കൂടാതെ സ്ത്രീ തടവുകാര്‍ പരീക്ഷ എഴുതുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ മൊത്തം പരീക്ഷ എഴുതുന്ന ഒമ്ബതു പേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ജയില്‍ ജ്യോതി പദ്ധതിയുടെ ഭാഗമായി ആദ്യ സാക്ഷരതാ പരീക്ഷയാണ് ശനിയാഴ്ച നടക്കുന്നത്. സംസ്ഥാനത്ത് മറ്റു ജില്ലകളിലെ ജയിലുകളില്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം ബ്രാക്കറ്റില്‍: കോട്ടയം (13), തൃശൂര്‍ (25), പാലക്കാട് (29), മലപ്പുറം (30), കണ്ണൂര്‍ (15), കാസര്‍കോട് (33), വയനാട് (22).


വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളെ ആസ്പദമാക്കി 100 മാര്‍ക്കിനാണ് പരീക്ഷ. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്ബത്, എഴുത്തില്‍ 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാന സാക്ഷരതാ മിഷനും ജയില്‍ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ‘ജയില്‍ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നേരത്തെ 60 പേര്‍ നാലാംതരം തുല്യതാപരീക്ഷ എഴുതിയിരുന്നു.




Sharing is Caring