സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകളുടെ ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ്. പരിശോധനകള്‍ കൂട്ടിയാലും കിറ്റുകളുടെ കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. നിലവില്‍ 40 ദിവസത്തേക്കുളള പി.സി.ആര് കിറ്റുകളും 35 ദിവസത്തേക്കുളള ആര്.എന്‍.എ വേര്‍തിരിക്കല്‍ കിറ്റുകളും സംസ്ഥാനത്തുണ്ട്.
പി.സി.ആര് കിറ്റ്, ആര്.എന്‍.എ വേര്‍തിരിക്കല്‍ കിറ്റ് എന്നിവയാണ് പരിശോധനകള്‍ക്കായി വേണ്ടത്. പി.സി.ആര് കിറ്റ് 40 ദിവസത്തേക്കുളളവ ലഭ്യമാണ്. ആര്.എന്‍.എ വേര്‍തിരിക്കല്‍ കിറ്റ് 1,30,000 എണ്ണം ഇപ്പോള്‍ ഉണ്ട്. കിറ്റുകള്‍ ആവശ്യത്തിന് വേണ്ടപ്പോള്‍ വരുത്തുന്നതിനായി 9 കമ്ബനികള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 1800 പരിശോധനകളാണ് ഒരുദിവസം നടക്കുന്നത്. ലക്ഷണങ്ങള്‍ ഉളളവര്‍ക്കുളള പരിശോധനകള്‍ക്ക് പുറമേ കൂട്ടമായി സാംപിള്‍ ശേഖരിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്. പുറത്ത് നിന്ന് ഇങ്ങനെ ശേഖരിക്കുന്ന സാംപിളുകള്‍ ലാബുകളില്‍ എത്തിക്കാനുളള പ്രത്യേക ഉപകരണങ്ങളും ആവശ്യമുണ്ട്, വി.ടി.എം എന്ന് പേരുളള ഇവ 18,000 എണ്ണം സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. കൂടുതല്‍ ഗ്രൂപ്പ് പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ 25,000 വി.ടി.എം കൂടി വാങ്ങിയിട്ടുണ്ട്.

കിറ്റുകള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ അധികം ആശ്രയിക്കാതെയാണ് സംസ്ഥാനം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. കേന്ദ്രത്തില്‍ നിന്നും ഇതുവരെ ഇരുപതിനായിരത്തിലേറെ കിറ്റുകള്‍ മാത്രമേ സംസ്ഥാനത്തിന് കിട്ടിയിട്ടുളളൂ.












