സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ 500 ആധുനിക മത്സ്യസ്റ്റാളുകള്‍ തുടങ്ങാന്‍ മത്സ്യഫെഡ്


തിരുവനന്തപുരം : ഒരു വര്‍ഷത്തിനുള്ളില്‍ 500 ആധുനിക മത്സ്യസ്‌റ്റാളുകള്‍ തുടങ്ങാനൊരുങ്ങി മത്സ്യഫെഡ്. സഹകരണബാങ്കുകളുടെയും സൊസൈറ്റികളുടെയും സഹായത്തോടെയാണ് പദ്ധതി. ആദ്യഘട്ടമായി എല്ലാ നിയമസഭാമണ്ഡലങ്ങളിലും ആഗസ്‌റ്റിന്‌ മുമ്ബ് സ്‌റ്റാള്‍‌ തുടങ്ങും. നിലവില്‍ 43 ആധുനിക മത്സ്യ സ്‌റ്റാളുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി ഒമ്ബത്‌ സ്‌റ്റാളിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്‌. ഇവയ്‌ക്ക്‌ പുറമെയാണ് 140 പുതിയ സ്‌റ്റാള്‍. മൂന്നുമാസത്തിനുള്ളില്‍ 200 സ്‌റ്റാള്‍ സജ്ജമാക്കുകയാണ്‌ ലക്ഷ്യം.


അടുത്തഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ സ്‌റ്റാളുകള്‍ സ്ഥാപിക്കും. മൂന്നുമാസത്തിനുള്ളില്‍ എല്ലാജില്ലകളിലും ഓണ്‍ലൈന്‍ മത്സ്യവ്യാപരം ആരംഭിക്കും. തൊഴിലാളികള്‍ക്ക് ന്യായവില ലഭ്യമാക്കും. 500 സ്‌റ്റാള്‍ പൂര്‍ത്തിയാക്കിയാല്‍ ‌2000 തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നും മത്സ്യം വാങ്ങി സംഭരിക്കുന്നതിലെ ന്യൂനതകള്‍ മറികടക്കും. ദിവസേന 100 ടണ്‍ മത്സ്യം വില്‍പ്പനയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ചെയര്‍മാന്‍ പി.പി ചിത്തരഞ്‌ജന്‍ പറഞ്ഞു. 200 സ്‌റ്റാള്‍ പൂര്‍ത്തിയാകുന്നതോടെ ദിവസം 10 ടണ്‍ മത്സ്യം വില്‍ക്കാനാകും.


സ്‌റ്റാളിനുവേണ്ട സ്ഥലം സഹകരണസംഘങ്ങളും മീന്‍ മത്സ്യഫെഡും ലഭ്യമാക്കും. തൊഴിലാളികള്‍ എത്തിക്കുന്ന മത്സ്യത്തിന് ന്യായവില നല്‍കും. മത്സ്യംശേഖരിക്കാന്‍ വിഴിഞ്ഞം, നീണ്ടകര, ശക്തികുളങ്ങര, വാടി, കരുവാറ്റ, വളഞ്ഞവഴി, മുനമ്ബം, കോഴിക്കോട്, കൈപ്പമംഗലം, പൊന്നാനി എന്നീ ഹാര്‍ബറുകളില്‍ സൗകര്യമൊരുക്കും. സംഘങ്ങള്‍ക്ക് 50 വാഹനങ്ങള്‍ വരെ വാങ്ങാനുള്ള വായ്‌പയും മത്സ്യഫെഡ് നല്‍കും.



Sharing is Caring