തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്.
കേരളത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈരളി അവാര്‍ഡ് ഏര്‍പ്പെടുത്തും. അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുന്ന 141 സ്കൂളുകളുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ തറക്കല്ലിടല്‍ ഉത്സവങ്ങള്‍ നടത്തും. ഒരു മണ്ഡലത്തില്‍ ചുരുങ്ങിയത് 12.5 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയങ്ങളില്‍ നടക്കുക. ജൂണ്‍ 30നുമുമ്ബ് എട്ടുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്മുറികള്‍ ഹൈടെക്കാകും.

അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകവിതരണം പൂര്‍ത്തിയായി. വിദ്യാര്‍ഥികളുടെ ശാരീരികശേഷിക്കനുസരിച്ച് പാഠപുസ്തകങ്ങള്‍ നല്‍കും. പൂര്‍ണമായി കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ബ്രെയ്ലി ലിപിയിലുള്ള പുസ്തകങ്ങള്‍ നല്‍കും. കാഴ്ചപരിമിതിയുള്ളവര്‍ക്ക് വലിയ അക്ഷരങ്ങളില്‍ അച്ചടിച്ച പാഠപുസ്തകങ്ങളും കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് സമഗ്ര പോര്‍ട്ടലിലൂടെ വിഷ്വല്‍ ടെക്സ്റ്റ് പുസ്തകങ്ങളും നല്‍കും- മന്ത്രി പറഞ്ഞു.













