തിരുവനന്തപുരം: സംസ്ഥാനത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഇനി ആശ്വാസം. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു . സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഉണ്ടായ പ്രളയത്തിന് ശേഷം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു . ഇടുക്കി, വയനാട് ജില്ലകളില്‍ 15 കര്‍ഷകര്‍ ജീവനൊടുക്കിയിരുന്നു . നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്കുന്നതിനിടയില് കടാശ്വാസ പരിധി ഉയര്‍ത്തുമെന്ന് സുനില്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു . ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായാത് .പ്രളയത്തില്‍ നാഷനഷ്ട്ടങ്ങള്‍ സംഭവിച്ച ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രയോജനം കൂടുതലും ലഭിക്കുന്നത് . ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത് . നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് പരിധിയില്‍ ഉള്‍പ്പെടുത്തിയത്. വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മീഷന്റെ കീഴില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.













