തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മതേതര സാംസ്‌കാരിക പ്രവര്‍ത്തകരേയും പ്രതിഭകളേയും അണിനിരത്തി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി ‘നവകേരള സാംസ്‌കാരികയാത്ര’ എന്ന പേരില്‍ രണ്ടു ജാഥകള്‍ സംസ്ഥാനത്ത് പര്യടനം നടത്താന്‍ തീരുമാനിച്ചു.
ഒരു ജാഥ 2019 ഫെബ്രുവരി 2ന് വൈകീട്ട് കാസര്‍ക്കോട് നിന്നാരംഭിക്കുന്നു. മറ്റൊരു ജാഥ ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തു നിന്നാണ് പുറപ്പെടുന്നത്. രണ്ടു ജാഥകളും ഫെബ്രൂവരി 9ന് തൃശൂരില്‍ സംഗമിച്ച് സമാപിക്കും.

കേരളം ഒരിക്കല്‍ അഭിമാനപൂര്‍വ്വം മറികടന്ന ജാതി ജന്മി പൗരോഹിത്യം തിരിച്ചു വരാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് സമീപകാലത്ത് കണ്ടത്. ശവക്കുഴിയില്‍ നിന്നും എഴുന്നേറ്റു വരാന്‍ ഫ്യൂഡല്‍ പൗരോഹിത്യത്തിന് പിന്തുണയാകുന്നത് കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന മനുവാദികളുടെ ഭരണമാണ്. മുഖ്യമന്ത്രിയേപ്പോലും ജനിച്ചുവീണ ജാതിയും കര്‍മ്മവും ഓര്‍മ്മിപ്പിക്കാന്‍ ആര്‍എസ്‌എസ്. തയ്യാറാവുന്നു. ദൈവം തങ്ങളുടെ വരുതിയിലാണെന്നും ആ ദൈവത്തെ ഇഷ്ടംപോലെ പൂട്ടിയിടാനും എതിര്‍ക്കുന്നവര്‍ക്കു നേരെ അഴിച്ചുവിടാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമുള്ള പഴയ ഭീഷണി പൗരോഹിത്യം വീണ്ടും ഉയര്‍ത്തിയിരിക്കുന്നു.
ഇതേ ഭീഷണി ഉപയോഗിച്ചാണ് പണിയെടുക്കുന്ന ജനതയെ നൂറ്റാണ്ടുകളോളം അവര്‍ ചവുട്ടിയരച്ചത്. ഇതിനെതിരായിട്ടാണ് മഹത്തായ കേരള നവോത്ഥാനം നടന്നത്.വര്‍ണ്ണവ്യവസ്ഥയുടെ സംരക്ഷകരായ സംഘപരിവാറിന്റെ ഭരണത്തിനു കീഴില്‍ രാജ്യത്തെ സ്ത്രീകളും ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും ഭീകരമായി ആക്രമിക്കപ്പെടുന്നു.
ശബരിമല വിധിയെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീത്വത്തിനു നേരെ വ്യാപകമായ കടന്നാക്രമണം ഉണ്ടായി. സ്ത്രീ അശുദ്ധയും അടിമയും അസ്വതന്ത്രയുമാണെന്ന് വിളിച്ചു പറയുന്നവരുടെ തെരുവു തെമ്മാടിത്തത്തിന് സമീപ ദിവസങ്ങളില്‍ കേരളം സാക്ഷിയായി.
അഭിമാനകരമായ സംഗതി ജാതി മേധാവിത്തത്തിന്റെ ഈ പ്രേതബാധയെ കേരളം ഒന്നിച്ചു നിന്ന് എതിര്‍ത്തു തോല്‍പ്പിച്ചു എന്നതാണ്. പ്രളയകാലത്തെന്ന പോലെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെല്ലുവിളികളെ നേരിടാന്‍ ജനങ്ങളുടെ മുന്നില്‍ നിന്നു. പുതുവര്‍ഷദിനത്തില്‍ ലോകത്തെ അഭിമാനം കൊള്ളിച്ചുകൊണ്ട് കേരളത്തില്‍ ഉയര്‍ന്ന വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ തന്നെയാണ് കേരളത്തിന്റെ അടിവേരുകള്‍ എന്നു തെളിയിച്ചു.
ശമ്ബരിമലയില്‍ ഭക്തവേഷം കെട്ടി ആര്‍.എസ്.എസ് നടത്തിയ ഗുണ്ടായിസത്തിനെതിരെ സമാനതകളില്ലാത്ത വിധമുള്ള വിപുലമായ സാംസ്‌കാരിക ഐക്യമാണ് കേരളത്തില്‍ ഉണ്ടായത്.പ്രളയം കേരളത്തെ തകര്‍ത്തുവെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന്‍ സംസ്ഥാനം പ്രകടിച്ചിച്ച മതേതര ജനകീയ ഐക്യം അവിസ്മരണീയമാണ്.
രണ്ടു ഘട്ടങ്ങളിലും ഉണ്ടായ ഈ ഐക്യത്തെ സര്‍ഗ്ഗാത്മകമാക്കി കേരളീയന്റെ സംസ്‌കാരവും ജീവിതരീതിയുമാക്കി മാറ്റേണ്ടത് പ്രതിബദ്ധരായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കടമയാണ്. ആ ഐക്യത്തെ രാജ്യം നേരിടുന്ന വര്‍ഗ്ഗീയ വിഭജന ഭീഷണിക്കെതിരെ നമുക്ക് ഉപയോഗിക്കാനാവണം.
പു ക സ ഒറ്റക്ക് ഈ വെല്ലുവിളി ഏറ്റെടുക്കണം എന്നല്ല തീരുമാനിച്ചിട്ടുള്ളത്. വ്യത്യസ്ത ആശയങ്ങളും വീക്ഷണങ്ങളും പുലര്‍ത്തുമ്ബോള്‍ത്തന്നെ മതേതര ജനാധിപത്യ പക്ഷത്ത് അടിയുറച്ചു നില്‍ക്കുന്ന എല്ലാ എഴുത്തുകാരെയും കലാകാരന്മാരെയും വ്യത്യസ്ത സാംസ്‌കാരിക സംഘടനകളേയും സ്വതന്ത്ര വ്യക്തികളേയും ഐക്യപ്പെടുത്തുക എന്നത് ജാഥയുടെ മുഖ്യ ഉദ്ദേശമാണ്.
ജാഥകള്‍ക്ക് ഉടനീളം പ്രത്യേകിച്ച് നായകന്മാര്‍ ഉണ്ടാവില്ല. ഓരോ സ്ഥലങ്ങളിലും പ്രഗല്‍ഭരായ പ്രതിഭകള്‍ ജാഥക്ക് നേതൃത്വം നല്‍കുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്യും. കലാപ്രകടനങ്ങളും ഡിജിറ്റല്‍ ദൃശ്യക്കാഴ്ചകളും ജാഥയോടൊപ്പം ഉണ്ടാവണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
അതിനാല്‍ ജാഥയ്ക്ക് എല്ലാ മേഖലയില്‍ നിന്നുള്ളവരുടേയും സഹകരണമുണ്ടാകണമെന്ന് പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ അറിയിച്ചു












