ഷാരൂഖിനെ കാണാന്‍ തിക്കും തിരക്കും; ഒരാള്‍ മരിച്ചു


വഡോദര റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ഫരിദ് ഖാന്‍ പത്താന്‍ ആണ് മരിച്ചത്. ഷാരൂഖിന്റെ കടുത്ത ആരാധകനായിരുന്നു പത്താന്‍. സൂപ്പര്‍താരത്തെ കാണാന്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് ഇയാള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. തിരക്കിനിടെ കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുതിയ ചിത്രമായ റഈസിന്റ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് വഡോദരയില്‍ എത്തിയത്. റഈസിന്റെ സംവിധാകന്‍ രാഹുല്‍ ദോലാകിയ, നിര്‍മാതാവ് റിതേഷ് സിദ്വാനി എന്നിവര്‍ക്കൊപ്പം മുംബൈയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി എക്‌സ്പ്രസില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആയിരുന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ആളുകളുടെ തിക്കുംതിരക്കും വര്‍ധിച്ചതോടെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.




Sharing is Caring