പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺഗ്രസ്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പില്‍ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനാണ് പരിക്കേറ്റത്. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.
തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാർജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടർന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷൻ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.
ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസ് മര്‍ദനത്തിലൂടെ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുള്ള വ്യാമോഹമാണെങ്കില്‍ പേരാമ്പ്രയില്‍ വലിയ പരാജയം ഉണ്ടാകും. എന്തുകൊണ്ട് മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഷാഫി താക്കീത് നല്‍കി. പൊലീസിന് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, അത് ഓര്‍മ്മ വേണം ഇപ്പോള്‍ ചെയ്ത പണിക്കുന്ന മറുപടി തന്നിരിക്കും എന്നും വടകര എംപി പ്രതികരിച്ചു.













