ഷമേജിനെ കൊന്നത് പ്രാദേശിക ക്രിമിനലുകളെന്ന് സൂചന


തലശേരി: മാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലയാളികളെ കുറിച്ച്‌ അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രദേശത്തെ സ്ഥിരം ക്രിമിനലുകളാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ വെട്ടിയ കേസിലെ പ്രതികള്‍ക്ക് ഷമേജിന്റെ കൊലയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആറു സി.പി.എം പ്രവര്‍ത്തകരുടെ പേരിലാണ് പൊലീസ് കേസെടുത്തതെങ്കിലും കൂടുതല്‍ പ്രതികള്‍ കേസിലുണ്ടാകുമെന്ന് ഉറപ്പാക്കിയാണ് അന്വേഷണം മുന്നേറുന്നത്.


സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഷമേജ് കൊലചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ളവര്‍ അല്ല കൊലയാളികള്‍ എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു കഴിഞ്ഞു. കൊലയാളികളെ കുറിച്ച്‌ അന്വേഷണ സംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതായും അറിയുന്നു. ഇന്ന് വൈകുന്നേരത്തോടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുമെന്നാണ് പൊലീസ് നല്കുന്ന സൂചന.


അതേസമയം ഇന്ന് വൈകിട്ട് ആറുമണിക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി ഉഭയകക്ഷി സമാധാന ചര്‍ച്ച വിളിച്ചിട്ടുണ്ട്. സി.പി.എം, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് വിവരം ലഭിക്കുന്നത്.



Sharing is Caring