കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജൂണ്‍ 21ലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്.
വാരപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണു ശ്രീജിത്തിനെ പോസീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് മരിച്ചത്. സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ശ്രീജിത്ത് കേസില്‍ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്ഐ ദീപക്കിനെയും പറവൂര്‍ സിഐ ക്രിസ്പിന് സാമിനെയും അറസ്റ്റു ചെയ്തിരുന്നു. ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുകയും ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തിരുന്നു.













