ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി; മാധ്യമങ്ങളെ കാണരുതെന്ന് താക്കീത് നല്‍കി

വരാപ്പുഴ: ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിന് പോലീസ് ഭീഷണി. മാധ്യമങ്ങളെ കാണരുതെന്നും പോലീസ് സജിത്തിന് താക്കീത് നല്‍കിയതായി വ്യക്തമാക്കി. പോലീസ് ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത സജിത്തിന് ശ്രീജിത്തിന്റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കോടതി രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സജിത്തിന് ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ന് രാവിലെ 11ന് ഹാജരാകണമെന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചത്.

‘തന്നെയും ചേട്ടന്‍ ശ്രീജിത്തിനെയും മഫ്തിയില്‍ വന്ന മൂന്ന് പേരാണ് കൊണ്ടുപോയത്. സ്റ്റേഷനില്‍ എത്തിക്കുന്നതുവരെ ഇവര്‍ മര്‍ദിച്ചു. പോലീസെത്തുമ്ബോള്‍ ശ്രീജിത്ത് വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്നു. പോലീസ് ഉടന്‍ ഷര്‍ട്ട് ധരിച്ച്‌ വരാന്‍ ആവശ്യപ്പെട്ടു. പുറത്തേക്കുവന്ന ശ്രീജിത്തിനെ കോളറില്‍ കുത്തിപ്പിടിച്ച്‌ വലിച്ചിഴച്ച്‌ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. തൊട്ടടുത്ത ജങ്ഷന്‍ എത്തുന്നതു വരെ പൊതിരെ തല്ലി. തുടര്‍ന്ന് വണ്ടിയില്‍ കയറ്റുന്നതിനു മുമ്ബ് അടിച്ചപ്പോള്‍ ശ്രീജിത്ത് നിലത്തുവീണു. അപ്പോള്‍ പോലീസ് ശ്രീജിത്തിന്റെ വയറിന് ചവിട്ടി. കേസിലെ മറ്റൊരു പ്രതിയായ തുളസിദാസ് എവിടെയെന്നു ചോദിച്ച്‌ തന്റെ മുതുകിന് പലവട്ടം മര്‍ദിച്ചു. വണ്ടിയില്‍ വെച്ചുത്തന്നെ അവശനായ ശ്രീജിത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ആകെ തളര്‍ന്നിരുന്നു. അസഹ്യമായ വേദനയോടെ വയര്‍ പൊത്തിപ്പിടിച്ച്‌ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീജിത്ത് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ശരിയാക്കി തരാമെന്നായിരുന്നു പോലീസിന്റെ പ്രതികരണം. തുടര്‍ന്ന് നിലത്തു കിടന്നിരുന്ന ശ്രീജിത്തിനെ കാലുകൊണ്ട് തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രീജിത്ത് വീണ്ടും നിലത്തേക്ക് വീണുപോയി.’ -ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് പറയുന്നു.

കസ്റ്റഡിയിലുള്ള മറ്റുള്ളവരും ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഗൗനിക്കാന്‍ കൂട്ടാക്കിയില്ലെന്നും സജിത്ത് വ്യക്തമാക്കി. ശ്രീജിത്ത് തീര്‍ത്തും അവശനിലയിലായപ്പോള്‍ മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ഇതേ കേസില്‍ കസ്റ്റഡിയില്‍ എടുത്ത മറ്റുള്ളവരെയും പോലീസ് മൃഗീയമായാണ് തല്ലിയത്. അടിയേറ്റ ഒരാളുടെ പല്ല് ഇളകിയെന്നും മറ്റൊരാളുടെ ചുണ്ടിന് പരിക്കെന്നും സജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വാസുദേവന്റെ വീട് ആക്രമിക്കുന്ന സംഭവത്തില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും. സംഭവ ദിവസം രാവിലെ നടന്ന സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ സുമേഷിനെയും കൊണ്ട് തങ്ങള്‍ പറവൂരിലുള്ള ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നെന്നും സജിത്ത് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *