ശുഹൈബ് വധം; സര്‍ക്കാര്‍ നിലപാട് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് കെ സുധാകരന്‍


കണ്ണൂര്‍: ശുഹെെബ് വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊലപാതകവുമായി സിപിഐഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇത് പുറത്തുവരുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും സുധാകരന്‍ പ്രതികരിച്ചു.


കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നടത്താമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയതായിരുന്നുവെന്നും എന്നാല്‍ താന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഈ പ്രതികരണമാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം എന്ത് തീരുമാനിക്കുന്നുവോ അതനുസരിച്ചാണ് സമരത്തിന്റെ ഭാവി കാര്യങ്ങളെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധാകരന്റെ സമരം എട്ട് ദിവസം പിന്നിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്.


ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ശുഹെെബ് വധവുമായി ബന്ധപ്പെട്ട് നിലവില്‍ അഞ്ച് പ്രതികളെയാണ് പിടികൂടിയിരിക്കുന്നത്. അവരില്‍ രണ്ട് പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞെന്നും കൃത്യമായ രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്.



Sharing is Caring