ശിശുമരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്തും, സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിച്ചു എന്ന് പറയുന്പോഴും, അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവഗണനയുടെ അട്ടപ്പാടിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താപരമ്ബരയെ തുടര്‍ന്നാണ് തീരുമാനം അവഗണനയുടെ അട്ടപ്പാടി

അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ മരിച്ചത് 13 നവജാത ശിശുക്കള്‍. സംസ്ഥാന ശരാശരിയേക്കാള്‍ ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ സംഭവിക്കുന്ന പശ്ചാത്തലം. നിരവധി ആരോഗ്യ രക്ഷാ പാക്കേജുകളുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആദിവാസികളുടെ പക്ഷം. എന്നാല്‍ നവജാത ശിശുപരിപാലത്തിലുള്‍പ്പെടെ പല ആദിവാസികള്‍ക്കും വീഴ്ചയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഈ അവസരത്തിലാണ് ആരോഗ്യവകുപ്പ് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നത്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക ബോധവത്കരണവും ചികിത്സയും ഉറപ്പാക്കും. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീടുകളിലെത്തുമ്ബോഴും ഇതിന്റെ തുടര്‍ച്ച ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. ആവര്‍ത്തിക്കുന്ന നവജാത ശിശുമരണമുള്‍പ്പെടെ പഠിക്കാന്‍ വിദഗ്ധ സംഘം അട്ടപ്പാടിയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ നിരന്തര ഇടപെടലുകള്‍ക്ക് കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്ന ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായുളള പുനരധിവാസ കേന്ദ്രങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സമഗ്ര പാക്കേജ് ഉടന്‍ അട്ടപ്പാടിയില്‍ പ്രാവര്‍ത്തികമാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *