ശിശുക്ഷേമസമിതി അംഗങ്ങൾ വിശാഖപട്ടണത്തേക്ക് തിരിച്ചു; പതിമൂന്നു വയസുകാരിയെ വിമാനമാർഗം തിരിച്ചെത്തിക്കാൻ നീക്കം


തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ ഏറ്റുവാങ്ങാൻ ശിശുക്ഷേമസമിതി വിശാഖപട്ടണത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗമാണ് സംഘം തിരിച്ചത്. സിഡബ്ല്യുസി സംഘം ഇന്ന് വൈകിട്ട് വിശാഖപട്ടണത്ത് എത്തും. അതേസമയം ഇന്ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയെ നാട്ടിലെത്തിക്കാനാണ് നീക്കം.


കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിഡബ്ല്യുസി വിശാഖപട്ടണം സിഡബ്ലിസി കത്ത് നൽകും. നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ആവശ്യപ്പെടുക. കുട്ടിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തിയ ശേഷം അവിടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. നാളെയോടെ കുട്ടിയെ കേരളത്തിൽ എത്തിക്കും. കുഞ്ഞിന് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും.


അതേസമയം കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആ‍ർപിഎഫിന്‍റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കുട്ടിയെ തിരിച്ചറിഞ്ഞത്.



Sharing is Caring