ശവപ്പെട്ടി വിവാദം: സുധാകരന്‍ ഐ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക്

കൊച്ചി: കെ സുധാകരന്‍ ഐ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക്. എറണാകുളം ഡിസിസിയിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നില്‍ സുധാകരനാണെന്ന സംശയത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. കെ സുധാകരന്‍, കെ മുരളീധരന്‍ എന്നിവരുമായി സഹകരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

വിശാല ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും കെ സുധാകരനുമായി നേരത്തെ തന്നെ ഭിന്നതകളുണ്ട്. അഭിപ്രായ വ്യത്യാസം പൂര്‍ണ്ണമായും പരിഹരിച്ചില്ലെങ്കിലും സുധാകരന്‍ ഐ ഗ്രൂപ്പില്‍ തുടരുകയായിരുന്നു. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് എറണാകുളം ഡിസി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതീകാത്മകമായി ശവപ്പെട്ടി വെച്ചതാണ് ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്.

പ്രതീകാത്മകമായി ശവമഞ്ചം ഒരുക്കിയതിന് അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരും സുധാകരനൊപ്പം നില്‍ക്കുന്നവരാണ്. ഇതാണ് സുധാകരന്റെ നിര്‍ദേശപ്രകാരമാണ് ശവപ്പെട്ടി വെച്ചതെന്ന് ഐ ഗ്രൂപ്പ് സംശയിക്കാനിടയാക്കിയത്. ഇതോടെ കെ. സുധാകരനെതിരായ വികാരം ഐ ഗ്രൂപ്പില്‍ ശക്തമായി. സുധാകരനുമായി സഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെത്തട്ടിലേക്ക് നിര്‍ദേശം നല്‍കി. എ ഗ്രൂപ്പ് നേതൃത്വവുമായും ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പ് ആശയവിനിമയം നടത്തി.

ശവപ്പെട്ടി വിവാദത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്താന്‍ ഒരു വിഭാഗം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. ഇതിനു പിന്നില്‍ കെ സുധാകരനാണെന്ന സംശയത്തില്‍ ഐ ഗ്രൂപ്പ് നേതൃത്വം പ്രകടനം നടത്തുന്നത് തടഞ്ഞു. കെപിസിസി അധ്യക്ഷനാവാന്‍ സുധാകരന്‍ സ്വന്തം നിലയില്‍ ശ്രമം നടത്തുന്നതും ഐ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാരന്റെ പേര് കൂടി നിര്‍ദേശിച്ചിരുന്ന ചെന്നിത്തലയും ചുവടുമാറ്റിയിരിക്കുകയാണ്.വളരെ കാലമായി ഗ്രൂപ്പുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരനുമായും ഇനി സഹകരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *