തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടിയെ കുറിച്ച് വിശദീകരിക്കാന്‍ എല്ലാ ജില്ലകളിലും ഇടതുമുന്നണി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കും. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം നടക്കും.
ഒക്ടോബര്‍ 30ന് മുമ്പ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍ നടത്തും. തുടര്‍ന്ന് ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വത്തില്‍ മണ്ഡലം, പഞ്ചായത്ത് അടിസ്ഥാനത്തിലും വിശദീകരണ യോഗങ്ങള്‍ നടത്തും. ഇടതുമുന്നണി നേതൃയോഗമാണ് ഇതു തീരുമാനിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇപ്പോള്‍ സമരങ്ങള്‍ നടക്കുന്നതെന്ന് യോഗം വിലയിരുത്തിയതായി കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൊടിയില്ലാതെ സമരം ചെയ്യാനുള്ള തീരുമാനം സ്വന്തം അണികളെ സംഘപരിവാറിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ഇതിന്റെ അപകടം കോണ്‍ഗ്രസ് മനസിലാക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. എസ്എന്‍ഡിപി നേതൃത്വം സമരത്തിനെതിരായ നിലപാടാണെടുത്തതെന്നും സുപ്രീംകോടതി നടപ്പിലാക്കന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹമ കൂട്ടിച്ചേര്‍ത്തു.













