തിരുവനന്തുപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ നേരിട്ട് തന്ത്രി കുടുംബവുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറും ഇന്ന് തന്ത്രിയെ കാണും.
ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്താന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്രം തന്ത്രി, പന്തളം രാജകുടുംബം എന്നിങ്ങനെ ശബരിമലയോട് പ്രത്യക്ഷബന്ധമുള്ളവരുമായി ചര്‍ച്ച നടത്താനാണ് നിര്‍ദ്ദേശം. സുപ്രിംകോടതി വിധിയുടെ മറവില്‍ രാഷ്ട്രീയമുതലെടുപ്പിന് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് സി.പി.എം. മദ്ധ്യതിരുവിതാംകൂറില്‍ വൈകാരിക പ്രക്ഷോഭത്തിന് പന്തളം രാജകുടുംബത്തില്‍ നിന്നടക്കം നീക്കം ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി നീങ്ങിയെന്ന പഴി ഒഴിവാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. എല്ലാ വാദങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചത് എന്നിരിക്കെ, ശബരിമലയുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ തെറ്റിദ്ധാരണയെ മറികടക്കുകയും ലക്ഷ്യമാണ്. വിധി നടപ്പാക്കുക ഭരണഘടനാ ബാദ്ധ്യതയാണെന്ന് ബോദ്ധ്യപ്പെടുത്താനും ശ്രമമുണ്ടാകും.

വിധിയുടെ മറവില്‍ സര്‍ക്കാര്‍ എടുത്തുചാടിയുള്ള നടപടികളിലേക്ക് നീങ്ങുന്നുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നുമുള്ള ആക്ഷേപം കോണ്‍ഗ്രസും ബി.ജെ.പിയും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് – ബി.ജെ.പി നീക്കത്തെ തുറന്നുകാട്ടുക വഴി മതേതര വോട്ടുകള്‍ ഉറപ്പിച്ചുനിറുത്തുകയെന്ന തന്ത്രമാണ് സി.പി.എം പയറ്റുന്നത്. കോടതിവിധി നടപ്പാക്കുകയെന്ന ജനാധിപത്യപരമായ കടമ നിറവേറ്റുകയല്ലാതെ സര്‍ക്കാരിനോ ഇടതുപക്ഷത്തിനോ മറ്റ് അജന്‍ഡകളില്ലെന്നും സി.പി.എം വിശദീകരിക്കുന്നു.













