ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ വഴിയെ പോകാന്‍ കോണ്‍ഗ്രസിനുള്ളിലെ ചില തീവ്രവാദികള്‍ ശ്രമിച്ചു: മുല്ലപ്പള്ളി


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ വഴിയെ പോകാന്‍ കോണ്‍ഗ്രസിനുള്ളിലെ ചില തീവ്രവാദികള്‍ ശ്രമിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ അതൊന്നും നടക്കില്ലെന്ന ഉറച്ച നിലപാടാണ് താന്‍ എടുത്തതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേരളകൗമുദി ഫ്ളാഷിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പും നേതാവിന്റെ ആളെന്നതും പരിഗണിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിജയസാദ്ധ്യത മാത്രമാകും പരിഗണന. അത്തരമൊരു നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളിലൊന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടാവില്ല. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മാത്രം. മറ്റ് പരിഗണനയൊന്നും ഉണ്ടാവില്ല. യുവ, വനിതാ പ്രാതിനിധ്യം എന്നതൊന്നും മാനദണ്ഡമാവില്ല.


അഭിമുഖത്തിന്റെ പൂര്‍ണരൂപം-

പ്രീണനമില്ല

സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ജയ സാദ്ധ്യത വനിതയ്ക്കാണെങ്കില്‍ അവരെ പരിഗണിക്കും. യുവാക്കള്‍ക്കാണ് സാദ്ധ്യതയെങ്കില്‍ അവരെ നിറുത്തും. ആരെയും പ്രീണിപ്പിക്കാനില്ല. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ജയസാദ്ധ്യതയുള്ള രണ്ടോ മൂന്നോ സ്ഥാനാര്‍ത്ഥികളുടെ വീതം പട്ടിക ഹൈക്കമാന്‍ഡിന് നല്‍കും. രാഹുല്‍ ഗാന്ധിയാവും അന്തിമ തീരുമാനമെടുക്കുക.

സീറ്റ് വിഭജനമായില്ല

മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. എല്ലാം തര്‍ക്കമില്ലാതെ നടക്കും.

ശബരിമല അനുകൂലം

ശബരിമല വിഷയം തങ്ങള്‍ക്ക് അനുകൂലമായാണ് വരിക. ഇടതും ബി.ജെ.പിയും വിഷയത്തെ രാഷ്ട്രീയവത്കരിച്ചു എന്ന വിമര്‍ശനം ജനങ്ങള്‍ക്കുണ്ട്. അക്രമത്തിലേക്ക് സമരം നീങ്ങി. ജനജീവിതം ദുസഹമായി. ജനങ്ങള്‍ക്ക് വഴിനടക്കാന്‍ പറ്റാതായി. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമാകും.

ഞാന്‍ പറഞ്ഞു പറ്റില്ല

ഒരു മതേതര പാര്‍ട്ടിയെന്ന നിലയില്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും രാഷ്ട്രീയവത്കരണത്തിലേക്ക് പോയില്ല. ഞങ്ങളുടെ കൂട്ടത്തിലും ചില തീവ്രവാദികളുണ്ടായിരുന്നു. ബി.ജെ.പി പോയ വഴിയില്‍ പോകണമെന്നു പറഞ്ഞവരായിരുന്നു അവര്‍.അതൊന്നും നടക്കില്ലെന്ന് ഞാനവരോട് പറഞ്ഞു. ഉറച്ച നിലപാടാണ് ‌ഞാനന്ന് എടുത്തത്. അന്നെനിക്ക് ചെറിയ എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയം രണ്ടാമത്തെ കാര്യം. കോണ്‍ഗ്രസിന് ഒരു പ്രഖ്യാപിത നിലപാടുണ്ട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ പറ്രില്ല. ഇപ്പോഴവര്‍ക്കെല്ലാം ഞാന്‍ പറഞ്ഞത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു.

ബി.ജെ.പി ക്ക് വോട്ട് ചെയ്യില്ല

ബി.ജെ.പി ക്ക് വോട്ട് ചെയ്യാനിരിക്കുന്നവര്‍ പോലും അവര്‍ക്ക് വോട്ട് ചെയ്യില്ല. അവര്‍ ജയിക്കില്ല എന്ന് ജനത്തിനറിയാം. എന്തിന് വോട്ട് പാഴാക്കണം എന്ന് ജനം ചിന്തിക്കും. അവസാന നിമിഷം ബി.ജെ.പിക്ക് സി.പി.എമ്മിനോട് ഒരു കടുത്ത വിരോധവും വന്നിട്ടുണ്ട്. അതും തങ്ങള്‍ക്കനുകൂലമാവും.

ചര്‍ച്ച നടത്തിയില്ല

വടകരയിലെ വിജയത്തിനായി ആര്‍.എം.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. വടകര ജയിക്കാന്‍ കഴിയാത്തത്ര മോശം മണ്ഡലമല്ല. കുറച്ച്‌ വ്യക്തിപരമായ വോട്ട് പിടിച്ചാല്‍ മതി. പാലക്കാട് ദുര്‍ബലനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞ സ്ഥലമാണ്. പാര്‍ട്ടിയില്‍ ഐക്യമില്ലാത്തതുകൊണ്ടാണ് പാലക്കാട് തോറ്രത്. ആലത്തൂരിലും നല്ല ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്.

ലീഗിന് നല്‍കേണ്ടിവരില്ല

ലീഗിന് അധിക സീറ്ര് നല്‍കേണ്ടിവരില്ല. ആ ചര്‍ച്ചകളിലേക്ക് എത്തിയിട്ടില്ല. ദേശീയ രംഗത്തെ രാഷ്ട്രീയ സാഹചര്യം ഞങ്ങളേക്കാള്‍ നന്നായി ലീഗിനറിയാം. ഇത്തവണ മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായാല്‍ പല സീറ്റിലും ജയിച്ചുകയറാം. എല്‍.ഡി.എഫ് ന്യൂനപക്ഷ വോട്ട് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ഞങ്ങള്‍ക്കറിയാം. അത് നടപ്പില്ല.

മുമ്ബും അനുകൂലമായിരുന്നില്ല

അഞ്ചു വര്‍ഷം കേന്ദ്രം ഭരിച്ചിട്ട് ജനങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്തവര്‍ ഇപ്പോള്‍ ബഡ്ജറ്റിലൂടെ ആനുകൂല്യങ്ങളുമായി വരുന്നതിനെ പ്രചാരണത്തിലൂടെ ഞങ്ങള്‍ നേരിടും. ആദായ നികുതി ഇളവ് കുറേ പേരെ സ്വാധീനിച്ചിട്ടുണ്ടാവും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതില്‍ കൂടുതല്‍ താല്പര്യം. അവര്‍‌ മുമ്ബും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് ഒരു മുന്നണിയുടെയും പാര്‍ട്ടിയുടെയും ഭാഗമല്ലാത്ത നിഷപക്ഷരായ ആളുകളാണ്. അവരെ സ്വാധീനിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.



Sharing is Caring