ശബരിമല കയറുന്ന യുവതികളെ തടയുമെന്ന് ഹിന്ദു സംഘടനകള്‍

ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് പരസ്യമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി ശബരിമല തുറക്കാനിരിക്കെയാണ് പത്തിനും 50 വയസിനുമിടയില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തിയത്.

സ്ത്രീകള്‍ ശബരിമല കയറുകയാണെങ്കില്‍ പമ്ബയില്‍ വെച്ചാകും തടയുകയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരിക, ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നവംബര്‍ രണ്ടിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി 11ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് പുതിയബസ്റ്റാന്‍ഡ് പരിസരത്തും 13ന് കണ്ണൂര്‍ തളിപ്പറമ്ബ് രാജേശ്വരി ക്ഷേത്ര പരിസരത്തും 17ന് പമ്ബാതീരത്തും പ്രതിഷേധ കൂട്ടായ്മയും സദസും നാമജപവും ഭജനയും കര്‍പ്പൂരാധി ദീപം തെളിയിക്കലും നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍, ജനറല്‍ കണ്‍വീനര്‍ രാമദാസ് വേങ്ങേരി, മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ചെയര്‍മാന്‍ സി.എസ്. നായര്‍, ശ്രീനാരായണഗുരു ധര്‍മ സേവാസംഘം ചെയര്‍പേഴ്‌സണ്‍ ഷൈജ കൊടുവള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *