തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വനംമന്ത്രി കെ. രാജു. ശബരിമലയെ സൗഹാര്‍ദപരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വനംമന്ത്രി പറഞ്ഞു. അയ്യപ്പന്റെ പൂങ്കാവനത്തെ വനമായി തന്നെ നിലനിര്‍ത്തും. അയ്യപ്പനും അത് ആഗ്രഹിക്കുന്നു. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമേ നിര്‍മാണ അനുമതി നല്‍കൂ എന്നും കെ. രാജു പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ആരോപിച്ചത്. ഇത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. വനഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമതി നല്‍കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നു. അത്യാവശ്യമുള്ള താല്‍കാലിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. അനാവശ്യമായ കെട്ടിടങ്ങള്‍ ഒന്നും ശബരിമലയില്‍ നിര്‍മിക്കാന്‍ പാടില്ല എന്നാണ് കരുതുന്നത്. എന്നാല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സമീപനം ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമായിത്തീരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.













