ശബരിമലയില്‍ വരുമാനത്തിന് വന്‍ ഇടിവ്


ശബരിമല: ശബരിമലയില്‍ വരുമാനത്തിന് വന്‍ ഇടിവ്. മണ്ഡലകാല തീര്‍ഥാടനത്തിന്റെ ആദ്യ 13 ദിവസത്തെ വരുമാനം ഇപ്പോള്‍ കണക്കാക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31 കോടി കുറവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത്രയും ദിവസത്തെ വരുമാനം 50.5 കോടിയായിരുന്നു. എന്നാല്‍, ഇത്തവണ 19 കോടിയായി മാറിയിരിക്കുന്നു. യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെത്തുടര്‍ന്നു തീര്‍ഥാടകരുടെ എണ്ണം കുറയുന്നതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുമാനക്കുറവ് കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. അതിനാല്‍, ഇത്തവണ ഒറ്റയടിക്ക് 50.57 കോടിയില്‍നിന്ന് 19.37 കോടി രൂപയായാണു വരുമാനം കുറഞ്ഞിരിക്കുന്നത്.


കാണിക്കയിനത്തില്‍ മാത്രം 8 കോടിയുടെ കുറവാണുള്ളത്. മാത്രമല്ല, കഴിഞ്ഞവര്‍ഷം ഈ ദിവസങ്ങളില്‍ 21.94 കോടി രൂപയുടെ അരവണ വിറ്റിരുന്നത് ഇത്തവണ 7.23 കോടിയായി ചുരുങ്ങിയിരിക്കുന്നു. അപ്പം വില്‍പനയില്‍ ആണെങ്കില്‍, 2.25 കോടിയുടെ വ്യത്യാസമുണ്ട്. അഭിഷേക ടിക്കറ്റിനത്തില്‍ 41 ലക്ഷത്തിലധികം കിട്ടിയത് 20 ലക്ഷമായി കുറഞ്ഞിരുന്നു.അന്നദാന സംഭാവന 40 ലക്ഷമെന്നത് 18 ലക്ഷമായി. ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങള്‍ വിറ്റതില്‍ കിട്ടിയ 4 ലക്ഷമാണു വരുമാനക്കൂടുതലിന്റെ പട്ടികയില്‍ ആകെയുള്ളത്. വരുമാനക്കുറവ് രൂക്ഷമാണെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണു ദേവസ്വം മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നത്.




Sharing is Caring