ശബരിമലയില്‍ അറസ്റ്റിലായത് ഭക്തരല്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയില്‍ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ ഭക്തരല്ലെന്നും ഇവര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെയുഡബ്ല്യൂജെ (കേരള യൂണിയന്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്) സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ ചിലര്‍ ചില അജണ്ടകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാന്‍ ശ്രമിക്കുന്പോള്‍ സര്‍ക്കാരിന് നോക്കി നില്‍ക്കാന്‍ കഴിയില്ല. സംഘര്‍ഷം സൃഷ്ടിക്കാന്‍ ചില ശബരിമലയിലേക്ക് ബോധപൂര്‍വം എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഒപ്പമാണെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുള്ളതാണ്. വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അത്തരത്തിലുള്ള ആശയക്കുഴപ്പമൊന്നും സര്‍ക്കാരിനില്ല. എന്നാല്‍ തന്‍റെ വിശ്വാസം മാത്രമേ മറ്റൊരുവനും പാടുള്ളൂ എന്ന് ചിലര്‍ ശഠിച്ചാല്‍ എന്തു ചെയ്യും. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഞായറാഴ്ച ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരുടെ സ്ഥാനമാനങ്ങള്‍ ഒക്കെ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ഇവരെ നിയോഗിച്ചിരിക്കുകയാണ്. ശബരിമലയെ അത്തരത്തില്‍ അശാന്തിയുടെ സ്ഥലമാക്കി മാറ്റാന്‍ സര്‍ക്കാരിന് കഴിയുമോ. ഇപ്പോള്‍ നടക്കുന്നതെല്ലാം സംഘടിത പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *