പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ 210 പേരുടെ ഫോട്ടോ കൂടി പൊലീസ് പുറത്തുവിട്ടു. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച ഫോട്ടോകള്‍ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. പേരോ മേല്‍വിലാസമോ അറിയാത്തതിനാല്‍ ഇവരെ കണ്ടുകിട്ടിയാല്‍ ഉടനടി അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെയും 210 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതുവരെ 420 പേരുടെ ഫോട്ടോയാണ് പുറത്തുവിട്ടിട്ടുള്ളത്.

നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെയും യുവതികളെത്തിയപ്പോള്‍ തടഞ്ഞവരെയും ഏത് വിധേനയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം ഊര്‍ജിതമാക്കിയിരിക്കുന്നത്. സ്ത്രീപ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേരാണ് അറസ്റ്റിലായത്. 122 പേര്‍ റിമാന്‍ഡിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 529 ആയി. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ തീരുമാനിക്കാനും ഡിജിപിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നത പോലീസ് യോഗം ചേരുന്നുണ്ട്. അറസ്റ്റുകളുടെ കാര്യത്തിലും യോഗം തീരുമാനമെടുക്കും. നാമജപസമരത്തില്‍ പങ്കെടുത്തവരെയോ, സ്ത്രീകളെയോ ഇനി അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.













