പത്തനംതിട്ട: ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍. പൊലീസ് പോര്‍ട്ടലില്‍ കൂടുതല്‍ പേര് അനുമതിക്കായി രജിസ്റ്റര്‍ ചെയ്തു. 10 മുതല്‍ 50 വരെ വയസ്സിനിടയിലുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. മൂന്ന് ലക്ഷം പേരാണ് ഇതുവരെ തീര്‍ത്ഥാടനം ബുക്ക് ചെയ്തത്.
ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്. കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയും പൊലീസും സംയുക്തമായാണ് പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

അതേസമയം ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.
കോടതിയില്‍ മനു അഭിഷേക് സിങ്വിക്ക് പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന് ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്ന് പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു.
യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതില്‍ നേരിട്ട വൈഷമ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ശബരിമലയിലെ തല്‍സ്ഥിതി റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകരുമായി കമ്മീഷണര്‍ എന്‍.വാസു നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.യുവതീപ്രവേശം സംബന്ധിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്.
യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അതിനെതിരായ നിലപാടാണു സ്വീകരിച്ചത്. ആചാരം സംരക്ഷിക്കുമെന്ന നിലപാടും സ്വീകരിച്ചു. പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച തര്‍ക്കങ്ങളിലും കക്ഷി ചേര്‍ന്നിരുന്നില്ല.
സര്‍ക്കാരിന്റെ നിലപാടാകട്ടെ, ഭരണമാറ്റം അനുസരിച്ചു മാറിയിരുന്നു. യുവതീപ്രവേശം അരുതെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ചാണ് പിണറായി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഈ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.













