വ്യാജ രേഖ കേസ്; ഗൂഢാലോചനയുണ്ടോയെന്ന് കോടതി നിശ്ചയിക്കട്ടെ: കര്‍ദിനാള്‍ ആലഞ്ചേരി


കൊച്ചി: സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ സത്യം പുറത്തു വരട്ടെയെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈദികരെ ചോദ്യം ചെയ്തത് സംബന്ധിച്ച്‌ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഗൂഢാലോചനയുണ്ടോ എന്ന് പോലീസും കോടതിയും നിശ്ചയിക്കട്ടെ. പൊലീസ് അന്വേഷണത്തെ വിലയിരുത്തി ഒന്നും പറയാനില്ലെന്നും കര്‍ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.


അതേ സമയം, വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്‍ റിമാന്‍ഡിലാണ്. തൃക്കാക്കര മജിസ്‌ട്രേറ്റ് ആണ് പ്രതിയെ ഈ മാസം 31വരെ റിമാന്‍ഡ് ചെയ്തത്. വ്യാജരേഖ ആദ്യമായി ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്‍റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിര്‍മിച്ചത് ആദിത്യന്‍ ആണെന്നും തേവരയിലെ കടയില്‍വെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്ബ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


സിറോ മലബാര്‍ സഭയിലെ സാന്ര്‍ജോസ് പള്ളി വികാരി ടോണി കല്ലൂക്കരന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പൊലീസിന് മൊഴി നല്‍കി. സഭയില്‍ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്‍ ജോലി ചെയ്ത വ്യാപാര സ്ഥാപനത്തിന്‍റെ സര്‍വ്വറില്‍ കണ്ടെത്തിയ രേഖകളാണ് വൈദികര്‍ക്ക് അയച്ചതെന്നായിരുന്നു ആദിത്യന്‍റെ മൊഴി. എന്നാല്‍ ഈ സ്ഥാപനത്തിന്‍റെ സര്‍വ്വറില്‍ പോലീസ് പരിശോധനയില്‍ അത്തരം രേകകളൊന്നും കണ്ടെത്താനായിട്ടില്ല.

പ്രമുഖ വ്യാപാര കേന്ദ്രത്തില്‍ കര്‍ദ്ദിനാളിനും മറ്റ് ചില ബിഷപ്പുമാര്‍ക്കും നിക്ഷേപം ഉണ്ടെന്ന് വരുത്താനുള്ള രേഖകളാണ് ആദിത്യന്‍ കൃത്രിമമായി ഉണ്ടാക്കിയത്.

വ്യാജ രേഖ ചമയ്ക്കല്‍, അത് ഒറിജിനലാണെന്ന രീതിയില്‍ പ്രചരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ നിരപരാധിയാണെന്നും തന്നെ ബോധപൂര്‍വ്വ കുടുക്കിയതാണെന്നും കോടതിയോട് മാത്രമായി ചിലത് വെളിപ്പെടുത്താനുണ്ടെന്നും പ്രതി പറഞ്ഞു.

തുടര്‍ന്ന് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി കോടതി മൊഴി വിശദമായി കേട്ടു. ആദിത്യന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈദികനായ ടോണി കല്ലൂക്കരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാന്ര്‍ജോസ് പള്ളിയില്‍ പോലീസ് എത്തിയെങ്കിലും വൈദികനെ പള്ളിയില്‍ നിന്ന് മാറ്റിയിരുന്നു. കേസില്‍ ഫാദര്‍ പോള്‍ തേലക്കാട് അടക്കമുള്ള മറ്റ് വൈദികരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുകയാണ്.



Sharing is Caring