ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികില്‍സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോ.ഹൈദരാലി പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട് രാവിലെ ആശുപത്രിയില്‍ വന്ന് ഇന്‍ജെക്ഷന്‍ എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം വൈകീട്ട് തിരിച്ച് വീട്ടില്‍ പോകുകയുമായിരുന്നു പതിവ്. രാത്രിയിലെ ഇന്‍ജെക്ഷന്‍ നല്‍കാന്‍ നഴ്‌സിനെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
നേരത്തെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയതായി ആരോപണമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് പൊലിസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നാണ് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്.

17 ന് രാവിലെവരെയായിരുന്നു ദിലീപ് ആശുപത്രിയില്‍ എത്തിയിരുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്തതിനാല്‍ ഒ.പി ചീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം മുമ്പേ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുണ്ട്. ദിലീപിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് തന്നെ പലതവണ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.













