തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണിയാണ് പൊലീസിന്റെ പിടിയിലായത്. ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണി. മദപുരത്തെ മലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് പേരുടെയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. ശരീരത്തില്‍ വടിവാള്‍ കൊണ്ട് നിരവധി വെട്ടേറ്റിരുന്നു.














