ബീജിംഗ്: വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലോ ലബോറട്ടറിയിലോ അല്ല കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. വൈറസ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന വെറ്റ് മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നും അവിടെ വില്പന നടത്തിയ മൃഗങ്ങളുമായി യാതൊരു ബന്ധവും കണ്ടെത്താനായില്ലെന്ന് ചൈനയിലെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് ഗാവോ ഫു പറഞ്ഞു. വുഹാനിലെ മാര്‍ക്കറ്റ് കൊറോണ വൈറസിന്റെ ഇരകളില്‍ ഒന്ന് മാത്രമാണെന്നും വൈറസ് ഉത്ഭവിച്ചത് ഇവിടെ നിന്നുമല്ലെന്നുമാണ് ഫു പറയുന്നത്.
തങ്ങളുടെ ലബോറട്ടിയില്‍ നിന്നും കൊറോണ വൈറസ് ചോര്‍ന്നതാണെന്ന വാദം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ഡയറക്ടറായ വാംഗ് യാന്‍യി തള്ളിയിരുന്നു. കൊവിഡിന് കാരണമായ കൊറോണ വൈറസുകളെ സംബന്ധിച്ച പഠനങ്ങളൊന്നും തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നില്ലെന്നും അതുകൊണ്ട് തന്നെ ലാബില്‍ നിന്നും ചോര്‍ന്നതാണ് വൈറസെന്ന വാദം തെറ്റാണെന്നുമാണ് വാംഗ് യാന്‍യി ചൈനീസ് മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

ശാസ്ത്രജ്ഞരും ലാബ് അധികൃതരും വെറ്റ് മാര്‍ക്കറ്റോ ലാബോ അല്ല കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് പറയുന്നുണ്ടെങ്കിലും ചൈനയില്‍ ആദ്യം രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ഭരണകൂടം അതിനെ മറച്ചു വയ്ക്കാന്‍ ശ്രമിച്ചതിനെ പറ്റി പ്രതികരിക്കാന്‍ തയാറായിട്ടില്ല.
കൊറോണ വൈറസ് എവിടെ നിന്നുമാണ് തുടങ്ങിയത് എന്നത് സംബന്ധിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി യു.എസും ചൈനയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. ചൈനയാണ് വൈറസ് വ്യാപനത്തിന്റെ കാരണക്കാരെന്ന് കുറ്റപ്പെടുത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡിനെ ‘ ചൈന വൈറസ് ‘ എന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടെ യു.എസ് ആര്‍മിയാണ് വൈറസിന് കാരണക്കാരെന്ന് ചൈന ആരോപിക്കുകയുമുണ്ടായി.













